ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

Thursday 28 August 2014

                  അല്പം വിദ്യാലയ ചരിത്രം
 1920 കളില്‍ ശ്രീ ആരൂര്‍ ലക്ഷ്മീ നാരായണ റാവുവിന്റെ നേതൃത്വത്തിലാണ് മായിപ്പാടിയില്‍ ഒരെഴുത്തുപള്ളിക്കൂടം തുടങ്ങുന്നത്. മായിപ്പാടി കൊട്ടാരത്തില്‍ അനുവദിച്ച സ്ഥലത്ത് നിലത്തെഴുത്തു ശാലയായിട്ടായിരുന്നു തുടക്കം. കന്നട മാധ്യമത്തില്‍ മാത്രമായിരുന്നു അന്നത്തെ പഠനം. അക്കാലത്ത് ഈ പ്രദേശം മുഴുവന്‍ കര്‍ണ്ണാടക സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു.

1948 ല്‍ ശ്രീ കെ രാമകൃഷ്ണ ഷെട്ടിയുടെ മുന്‍കൈയ്യില്‍ മൂഡബദ്രിയിലുണ്ടായിരുന്ന ബേസിക് ട്രെയിനിംഗ് സ്കൂള്‍ മധൂരിനടുത്ത് ഷിറിബാഗിലുവില്‍ മാറ്റി സ്ഥാപിച്ചു. ശ്രീ റാവു ബഹദൂര്‍ ഹെഗ്ഡെയാണ് ഷിറിബാഗിലുവില്‍നിന്ന് ബേസിക് ട്രെയിനിംഗ് സ്കൂള്‍ മായിപ്പാടിയിലേക്ക് മാറ്റുന്നതിനായി പരിശ്രമിച്ചത്. സ്ഥാപനം തുടങ്ങുന്നതിനായി മായിപ്പാടി കെട്ടാരം പതിനഞ്ചേക്കര്‍ സ്ഥലം സംഭാവന ചെയ്യുകയും ചെയ്തു.

ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി പ്രകാരമായിരുന്നു അന്നത്തെ അധ്യാപക പരിശീലനവും സ്കൂള്‍ വിദ്യാഭ്യാസവും. കൃഷിയും നൂല്‍നൂല്‍പ്പും നെയ്ത്തുമായിരുന്നു പ്രധാന പാഠ്യവിഷയങ്ങള്‍. ഫര്‍ണിച്ചറുകളും കെട്ടിടങ്ങളും പാഠ്യപദ്ധതിക്കു യോജിച്ചവിധത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. ഇന്നുകാണുന്ന തനതു ശൈലിയിലുള്ള കെട്ടിടങ്ങള്‍ 1950 കളില്‍ നിര്‍മ്മിച്ചവയാണ്.

കേരളപ്പിറവിയോടെ വിദ്യാലയം കേരളസംസ്ഥാനത്തിന്റെ ഭാഗമായി.  1960 കളിലാണ് മലയാള വിഭാഗം ആരംഭിക്കുന്നത്. 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെമ്പാടും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. 1989 ല്‍ കേരളത്തില്‍  മൂന്നു ജില്ലയില്‍ ഡയറ്റുകള്‍ ആരംഭിച്ചു. അതിലൊന്ന്  മായിപ്പാടിയിലായിരുന്നു. അതോടെ ബേസിക് ട്രെയിനിംഗ് സ്കൂള്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (DIET) ആയി മാറി. കൂടെയുള്ള വിദ്യാലയം ഡയറ്റ് ലാബ് സ്കൂള്‍ എന്നറിയപ്പെടാനും തുടങ്ങി. 1995 ല്‍ പുതിയ ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും 2006 ല്‍ ഉദ്ഘാടനം നടത്തി വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫിനുമായി തുറന്നു കൊടുക്കുകയും ചെയ്തു.

ലാബ് സ്കൂള്‍

ഓഫീസ്

ഹോസ്റ്റല്‍


Tuesday 26 August 2014

പ്രതിമാസ ക്ലാസ്സ് പി ടി എ തുടങ്ങി

കുട്ടികളുടെ പഠനനേട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓരോമാസവും നടത്തുന്ന ക്ലാസ്സ് പി ടി എ യോഗങ്ങള്‍ക്ക് തുടക്കമായി. പ്രതിമാസ മൂല്യനിര്‍ണ്ണയ അവലോകനം, പോര്‍ട്ടഫോളിയോ വിശകലനം, പഠനത്തെളിവുകളുടേയും ഉല്‍പന്നങ്ങളുടേയും പ്രദര്‍ശനം, കുട്ടികളുടെ സര്‍ഗ്ഗാത്മക പ്രകടനങ്ങള്‍ രക്ഷിതാക്കളുമായുള്ള വിശദമായ ചര്‍ച്ചയും അഭിപ്രായ ശേഖണവും തുടങ്ങിയവയായിരുന്നു യോഗത്തിന്റെ ഉള്ളടക്കം. ഓരോ ക്ലാസ്സിലെയും തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു യോഗ നടപടികള്‍. ഡയറ്റ് ലക്ചറര്‍ എം വി ഗംഗാധന്‍ ഓരോ ക്ലാസ്സിലും എത്തി രക്ഷിതാക്കളുമായി സംവദിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലെ ക്ലാസ്സ് പി ടി എ രക്ഷിതാക്കളുടെ സജീവമായ ഇടപെടല്‍ കൊണ്ട് ശ്രദ്ധേയമായി.

സ്വാതന്ത്ര്യദിനാഘോഷം

രാജ്യത്തിന്റെ 68ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സീനിയര്‍ ലക്ചറര്‍ ടി സുരേഷ് പതാക ഉയര്‍ത്തി. പി.ടി. എ പ്രസിഡണ്ട് ശ്രീ കെ എന്‍ ഗിരീഷ് സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു. ലാബ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും അധ്യാപകവിദ്യാര്‍ത്ഥികളുടേയും ദേശഭക്തിഗാനാലാപനം എല്ലാവരിലും രാജ്യസ്നേഹവും ദേശാഭിമാനവും ഉണര്‍ത്തുന്നതായിരുന്നു.എല്‍പി, യുപി,അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും നടത്തി. എ ശ്രീകുമാര്‍ ക്വിസ്സ് മത്സരത്തിനു നേതൃത്വം നല്‍കി. മായിപ്പാടി ശിവാജിക്ലബ് മുഴുവന്‍ കുട്ടികള്‍ക്കും മധുരപലഹാരങ്ങളും വിജയികള്‍ക്കുള്ള സമ്മാനങ്ങളും സ്പോണ്‍സര്‍ ചെയ്തു.പി.ടി.എ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പാല്‍പായസ വിതരണവും ആഘോഷങ്ങള്‍ക്ക് മാധുര്യമേകി.

Monday 25 August 2014

കാര്‍ഷിക ക്ലബ് ഉദ്ഘാടനവും പരിശീലനക്ലാസ്സും


കാര്‍ഷിക വര്‍ഷാചരണത്തിന്റ പ്രചോദനത്തില്‍ ഈവര്‍ഷം പച്ചക്കറി കൃഷിക്കായി കാര്‍ഷികക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  വാര്‍ഡ് മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ് കാര്‍ഷിക ക്ലബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മധൂര്‍ കൃഷി ഓഫീസര്‍ ശ്രീമതി അനിത മേനോന്‍ കുട്ടികള്‍ക്കായി കൃഷിയുടെ ബാലപാഠങ്ങള്‍ സരളമായി വിശദീകരിച്ചു കൊണ്ട് കാര്‍ഷിക പരിശീലനക്ലാസ്സ് നടത്തി. ക്ലാസ്സിനു ശേഷം കുട്ടികളുടെ സംശയങ്ങള്‍ക്ക് അവര്‍ മറുപടിയും നല്‍കി. ഡയറ്റ് ലക്ചറര്‍ എം വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് സക്കറിയ സ്വാഗതവും എ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.


നീന്തല്‍ പരിശീലന പരിപാടിക്ക് തുടക്കമായി



ഡയറ്റ് ലാബ് സ്കൂളിലെ ഈ വര്‍ഷത്തെ നീന്തല്‍ പരിശീലന പരിപാടിക്ക് തുടക്കമായി. വാര്‍ഡ് മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ് ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസഡണ്ട് ശ്രീ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ സ്വാഗതവും സീനിയര്‍ ലക്ചറര്‍ ടി സുരേഷ് നന്ദിയും പറഞ്ഞു. എല്ലാ ദിവസവും വൈകുന്നേരം നാലുമണിമുതല്‍ അഞ്ചുവരെയാണ് പരിശീലനം. ഓരോ ദിവസവും ചുമതലപ്പെട്ട അധ്യാപകര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. സ്കൂളിലെ ഗേള്‍സ് ക്ലബും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സ്റ്റുഡന്റ്സ് പോലീസും സംയുക്തമായാണ് നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്പോര്‍ട്സ് കൗണ്‍സിലും സ്റ്റുഡന്റ്സ് പോലീസും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.

Sunday 24 August 2014


ലാബ് സ്കൂളിലെ 2014 - 15 വര്‍ഷത്തെ ബാല സഭ , സാഹിത്യ സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി